
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 355 പോയിന്റ് ഉയര്‍ന്ന് 40,616.14ലിലും നിഫ്റ്റി 95 പോയിന്റ് നേട്ടത്തില്‍ 11,908ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1313 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 203 ഓഹരികള്‍ക്ക് മാറ്റമില്ല. ഫാര്‍മ, ഐടി സൂചികകള്‍ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. അതേസമയം, റിയാല്‍റ്റി സൂചിക രണ്ടുശതമാനം താഴെപ്പോകുകയും ചെയ്തു.
ഇന്‍ഡിസിന്റ് ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, നെസ് ലെ, ടൈറ്റാന്‍, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമായിരുന്നു.