
മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് മികച്ച നേട്ടം. കൊറോണ വൈറസ് അണുബാധയ്ക്കും ചൈനയുമായുള്ള അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ക്കിടയിലും ഓയില്‍-ടു-ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടരഹിതമായി മാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൂചികകള്‍ ഇന്ന് കുത്തനെ ഉയര്‍ന്നു. സെന്‍സെക്‌സ് 523 പോയിന്റ് ഉയര്‍ന്ന് 34,732 ലും നിഫ്റ്റി 153 പോയിന്റ് ഉയര്‍ന്ന് 10,244 ലും ക്ലോസ് ചെയ്തു.
രണ്ട് സൂചികകളും നേട്ടത്തില്‍ ഈ ആഴ്ച പൂര്‍ത്തിയാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി 1.69 ലക്ഷം കോടി രൂപ (22.15 ബില്യണ്‍ ഡോളര്‍) സമാഹരിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിലധികം ഉയര്‍ന്ന് റെക്കോഡ് നേട്ടം കൈവരിച്ചു. വിപണി മൂലധനം 11 ലക്ഷം കോടി രൂപ കടന്നു. ബജാജ് ഫിന്‍സേര്‍വ്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി ഇന്‍ഫ്രാറ്റെല്‍ എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വേദാന്ത, എച്ച്‌സിഎല്‍ ടെക്, എം ആന്‍ഡ് എം, ഐടിസി എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോള്‍കാപ്പ് സൂചികകള്‍ യഥാക്രമം 0.9 ശതമാനവും 1.8 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍ ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് കുതിച്ചുയര്‍ന്നു. നിഫ്റ്റി റിയല്‍റ്റി ഏറ്റവും ഉയര്‍ന്നത് ആറ് ശതമാനത്തിലധികമാണ്. നിഫ്റ്റി ബാങ്ക് രണ്ട് ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിന്‍ സര്‍വീസസും 1.5 ശതമാനം വീതം നേട്ടമുണ്ടാക്കി. എന്നാല്‍ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍ എന്നിവയ്ക്ക് യഥാക്രമം 0.35 ശതമാനവും 0.06 ശതമാനവും നഷ്ടമായി.