ഓഹരി വിപണി കനത്ത ഇടിവിന് സാക്ഷ്യം വഹിച്ചു; നിഫ്റ്റി 290 പോയിന്റ് നഷ്ടത്തില്‍

October 15, 2020 |
|
Trading

                  ഓഹരി വിപണി കനത്ത ഇടിവിന് സാക്ഷ്യം വഹിച്ചു; നിഫ്റ്റി 290 പോയിന്റ് നഷ്ടത്തില്‍

മുംബൈ: കഴിഞ്ഞ 10 ദിവസത്തിനിടയിലെ മികച്ച നേട്ടത്തിനിടെ നിഫ്റ്റി 2020 ജനുവരിയില്‍ തൊട്ട എക്കാലത്തെയും ഉയര്‍ന്ന നിലയായ 12430 പോയിന്റിനടുത്തു വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ഓഹരി വിപണി കനത്ത ഇടിവിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 1,066 പോയിന്റ് കുറഞ്ഞ് 39,728ല്‍ എത്തി. നിഫ്റ്റിക്ക് 290 പോയിന്റ് നഷ്ടപ്പെട്ട് 11,680ല്‍ എത്തി. ഇന്നത്തെ ഇടിവിന് കാരണമായത് എന്തെല്ലാം ഘടകങ്ങളാണെന്ന് നോക്കാം.

ജിഡിപിയുടെ സമീപകാലത്തെ 0.2 ശതമാനം ഉത്തേജനം വളര്‍ച്ചയ്ക്ക് പരിമിതമായ പിന്തുണ മാത്രമേ നല്‍കൂ എന്ന് ആഗോള റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഇത് സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് പരിമിതമായ പിന്തുണ മാത്രമേ നല്‍കുന്നുള്ളൂവെന്ന് വ്യക്തമാക്കിയതോടെ വിപണിയ്ക്ക് തിരിച്ചടിയായി.

നിഫ്റ്റി ഐടി ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോ എഡ്ജ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്‍ഫോസിസ് സെപ്റ്റംബര്‍ അവസാന പാദത്തിലെ അറ്റാദായത്തിലെ നേട്ടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരികള്‍ പുതിയ ഉയരത്തിലെത്തിയിരുന്നു. നിഫ്റ്റി ഫാര്‍മ സൂചിക 1.4 ശതമാനം ഇടിഞ്ഞു. സണ്‍ ഫാര്‍മ, ഡിവിസ് ലാബ് എന്നിവയുള്‍പ്പെടെയുള്ള ഓഹരികള്‍ക്കാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

ആര്‍ഐഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം തന്നെ ഇന്നത്തെ വ്യാപാരത്തില്‍ ഇടിഞ്ഞു. കെകെആറില്‍ നിന്നും പുതിയ നിക്ഷേപം നടത്തിയിട്ടും ആര്‍ഐഎല്‍ ഇന്ന് വ്യാപാരത്തില്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. കൂടാതെ ഇന്ന് ഫിനാന്‍സ് ഓഹരികള്‍ക്കും പൊതുവേ നല്ല ദിവസമായിരുന്നില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ യുഎസ് ഉത്തേജനം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷകള്‍ തകര്‍ന്നപ്പോള്‍, യൂറോപ്യന്‍ സൂചികകളായ സിഎസി, ഡാക്‌സ് എന്നിവ യഥാക്രമം 1.96 ശതമാനവും 2.58 ശതമാനവും ഇടിഞ്ഞു. യുകെ ഓഹരി സൂചിക 2 ശതമാനം ഇടിഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved