
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ്. ഇനി മുതല്‍ അഞ്ചു ലക്ഷം രൂപയുടെ അധിക ആനുകൂല്യം പോളിസി ഉടമകള്‍ക്ക് കമ്പനി ഉറപ്പുവരുത്തും. എന്നാല്‍ ഇതിനായി അധിക പ്രീമിയം ഈടാക്കില്ല. വെള്ളിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് വ്യക്തമാക്കി.
എല്ലാ പോളിസി ഉടമകള്‍ക്കും ഈ അധിക ആനുകൂല്യം ലഭിക്കും. അടിസ്ഥാന തുകയ്ക്ക് പുറമെയാണിത്. ഇതേസമയം, ജൂണ്‍ 30 -ന് മുന്‍പ് മരണപ്പെടുന്ന പോളിസി ഉടമകളുടെ കുടുംബങ്ങള്‍ക്ക് മാത്രമേ അധിക ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതിന് പുറമെ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കും പ്രത്യേക പിന്തുണ കമ്പനി അറിയിച്ചിട്ടുണ്ട്. കൊറോണ ബാധയേറ്റ സജീവ ഏജന്റുമാര്‍ക്കും അവരുടെ കുടുംബത്തിനും 25,000 രൂപയുടെ ധനസഹായമാണ് ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ കോവിഡ് മരണസംഖ്യ ഭീതിദായകമായി ഉയരുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 56,000 പിന്നിട്ടു. യൂറോപ്പില്‍ മാത്രം 40,000 -ത്തില്‍പ്പരം ആളുകള്‍ക്ക് കൊറോണ വൈറസ് കാരണം ജീവന്‍ നഷ്ടപ്പെട്ടു. ഇന്ത്യയിലും സ്ഥിതിഗതികള്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തോടടുത്തിരിക്കുകയാണ്.
62 പേരാണ് ഇതുവരെ ഇന്ത്യയില്‍ രോഗം ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ മാത്രം 91 പുതിയ കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 389 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധയേറ്റിരിക്കുന്നത്. മഹാരാഷ്ട്രയാണ് കൊവിഡ് ബാധ വിനാശം വിതയ്ക്കുന്ന മറ്റൊരു സംസ്ഥാനം. 490 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ 26. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് തമിഴ്നാട്ടിലാണ്. വെള്ളിയാഴ്ച്ച മാത്രം 102 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. നിലവില്‍ 411 പേര്‍ക്ക് തമിഴ്നാട്ടില്‍ കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്.